12:32am 04 July 2026
NEWS
മഴയിലും ആവേശം; പെരുമ്പാവൂരിൽ 'തൂഫാൻ' റാലിക്ക് നേതൃത്വം നൽകി രമേശ് ചെന്നിത്തല
03/07/2026  05:04 PM IST
nila
മഴയിലും ആവേശം; പെരുമ്പാവൂരിൽ തൂഫാൻ റാലിക്ക് നേതൃത്വം നൽകി രമേശ് ചെന്നിത്തല

പെരുമ്പാവൂർ: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ 'ഓപ്പറേഷൻ തൂഫാൻ' റാലി. ഡിജിപി, ജനപ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവരടക്കം നൂറുകണക്കിന് പേർ മഴയെ അവഗണിച്ച് റാലിയിൽ അണിനിരന്നു. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശമായ പെരുമ്പാവൂരിൽ മുൻപ് വൻതോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടികൂടിയ പശ്ചാത്തലത്തിലാണ് ക്യാംപെയിനിന് ഇവിടെ തുടക്കമിട്ടത്.

മഴയെ അവഗണിച്ച് ജനങ്ങൾ റാലിയിൽ പങ്കെടുത്തത് 'ഓപ്പറേഷൻ തൂഫാൻ' എത്രത്തോളം അനിവാര്യമാണെന്നതിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂരിന്റെ സുരക്ഷയ്ക്കും വികസനത്തിനും സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും പ്രത്യേക പ്രാധാന്യം നൽകുന്നതിനാലാണ് തൂഫാൻ ജാഗരൺ പരിപാടി ഇവിടെ നിന്ന് ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരിന് മേൽ പതിഞ്ഞ 'ലഹരിയുടെ കേന്ദ്രം' എന്ന കുപ്രസിദ്ധി മാറ്റുകയാണ് ലക്ഷ്യമെന്നും, അതിന് പൊലീസിന്റെ പ്രവർത്തനം മാത്രം പോരെന്നും ജനങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം അഭ്യർഥിച്ചു.

പ്രസംഗത്തിനിടെ സിനിമയായ 'നരൻ' പരാമർശിച്ച ചെന്നിത്തല, പ്രളയജലത്തിൽ ഒഴുകിയെത്തുന്ന മരങ്ങൾ സാഹസികമായി കരയ്ക്കെത്തിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനെ ഓർമ്മിപ്പിച്ചുകൊണ്ട്, "ഓപ്പറേഷൻ തൂഫാന്റെ ആദ്യ തൂഫാൻ വാരിയർ മോഹൻലാലാണ്" എന്ന് പറഞ്ഞു. സാഹസികതയുടെയും കരുത്തിന്റെയും ചരിത്രമുള്ള നാടാണ് പെരുമ്പാവൂരെന്നും, ഏഷ്യയിലെ പ്ലൈവുഡ് ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഈ പ്രദേശം ഇനി ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 വരെ 5,260 കേസുകളിലായി 5,634 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി അറിയിച്ചു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്ര വിപുലമായ ലഹരിവിരുദ്ധ നടപടി നടന്നിട്ടില്ലെന്നും, ലഹരിക്കടിമകളായവരെ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാൻ അന്തർസംസ്ഥാന ഏകോപനം ശക്തമാക്കുമെന്നും ചെന്നിത്തല അറിയിച്ചു. തമിഴ്നാട്, കർണാടക, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചിട്ടുണ്ടെന്നും, ഈ മാസം 10-ന് ഈ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ചേർന്ന് മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള സംയുക്ത പ്രവർത്തനപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img